ഖത്തറില്‍ ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനത്തിന് തുടക്കം


ദോഹ: ഡ്രൈവിങ് പരിശീലനം മുതല്‍ ടെസ്റ്റ് വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഏകീകൃത ഇലക്ട്രോണിക് നിരീക്ഷണ സംവിധാനത്തിന് കീഴിലേക്ക് കൊണ്ടു വരുന്ന ഡ്രൈവിങ് ട്രെയ്നിങ് സിസ്റ്റം(ഡിടിഎസ്) ആന്റ് മോണിറ്ററിങ് സെന്ററിന് ഖത്തറില്‍ തുടക്കമായി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ മദീന ഖലീഫയിലെ ആസ്ഥാനത്താണ് ഡിടിഎസ് ആന്റ് മോണിറ്ററിങ് സെന്റര്‍ ആരംഭിച്ചത്. ഡ്രൈവിങ് സ്‌കൂളുകളിലെ ഡ്രൈവര്‍മാരുടെ പരിശീലനം മെച്ചപ്പെടുത്തുകയും രാജ്യത്തെ റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും ലക്ഷ്യമിടുന്ന ഡിടിഎസ് ആന്റ് മോണിറ്ററിങ് സെന്ററിന്റെ മേല്‍നോട്ടം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ലൈസന്‍സിങ് വിഭാഗത്തിനായിരിക്കും. 

പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല മുഹമ്മദ് അല്‍സുവൈദി, ട്രാഫിക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി, നാഷനല്‍ ട്രാഫിക് സെക്യൂരിറ്റി കമ്മിറ്റി സെക്രട്ടറി ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ മാലികി, എന്‍ജിനീയറിങ് ആന്റ് ട്രാഫിക് സേഫ്റ്റി ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്‍ റഹീം മറാഫിഹ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 

ഡ്രൈവിങ് സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് തൊട്ട് ലൈസന്‍സ് ലഭിക്കുന്നത് വരെയുള്ള ഡ്രൈവിങ് പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഇനി ഡിടിഎസ് വഴിയായിരിക്കുമെന്ന് ടാഫിക് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി പറഞ്ഞു. 18 ഭാഷകളില്‍ പരിശീലനത്തിനുള്ള സൗകര്യം ലഭിക്കും. പഠിതാവിന്റെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഡിടിഎസ് ആപ്പ് വഴി പരിശീലനകനെക്കുറിച്ചും പരിശീലന പ്രക്രിയയെക്കുറിച്ചുമുള്ള അഭിപ്രായങ്ങളും പരാതികളും അറിയിക്കാനാവും. 

ട്രെയ്നിങ് സമയം ലൈസന്‍സ് ഡിപാര്‍ട്ട്മെന്റിലെ മോണിറ്ററിങ് റൂമില്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പഠിതാവിന് പരിശീലന സമയം പൂര്‍ണമായും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനും മികച്ച ഡ്രൈവര്‍മാരെ വാര്‍ത്തെടുക്കാനും സാധിക്കും. ഡിടിഎസും അനുബന്ധ മോണിറ്ററിങ് സംവിധാനവും മേഖലയില്‍ തന്നെ ആദ്യത്തേതാണെന്ന് അല്‍ഖര്‍ജി പറഞ്ഞു. രാജ്യത്തെ എല്ലാ ഡ്രൈവിങ് സ്‌കൂളുകളെയും പരീശീലന ഘട്ടത്തിലും തിയറി, പ്രാക്ടിക്കല്‍ ടെസ്റ്റ് ഘട്ടത്തിലും നിരീക്ഷിക്കാനുള്ള സൗകര്യം  ഈ സംവിധാനത്തില്‍ ലഭ്യമാണ്. 

നിലവില്‍ ഭൂരിഭാഗം ഡ്രൈവിങ് സ്‌കൂളുകളിലെയും കാറുകള്‍ ഡിടിഎസ് സംവിധാനത്തിന് പര്യാപ്തമാണ്. ഈ വര്‍ഷം അവസാനിക്കുന്നതോടെ 100 ശതമാനം ഡ്രൈവിങ് പരിശീലന വാഹനങ്ങളും പൂര്‍ണമായും മനുഷ്യ ഇടപെടല്‍ ഇല്ലാത്ത സംവിധാനത്തിലേക്കു മാറുമെന്ന് അല്‍ഖര്‍ജി ചൂണ്ടിക്കാട്ടി. 

 ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സര്‍വീസിനും ഇന്ന് തുടക്കം കുറിച്ചു. 2344444 എന്ന നമ്പറില്‍ വിവിധ ഭാഷകളില്‍ സേവനം ലഭ്യമാവും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed