ഖത്തറിൽ 2,100 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ബ്രിട്ടൺ

ദോഹ : ഖത്തറിൽ 450 കോടി പൗണ്ടിന്റെ(2,100 കോടി റിയാൽ) നിക്ഷേപം നടത്താൻ ബ്രിട്ടൺ തീരുമാനിച്ചതായി ഖത്തർ സാന്പത്തിക, വാണിജ്യ മന്ത്രി ഷെയ്‌ഖ് അഹ്‌മദ് ബിൻ ജാസിം ബിൻ മുഹമ്മദ് അൽതാനി അറിയിച്ചു. പ്രഥമ ഖത്തർ−-യു.കെ സാന്പത്തിക, വാണിജ്യകാര്യ മന്ത്രിതല സാങ്കേതിക സഹകരണ സമിതി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഖത്തരി സന്പദ് വ്യവസ്ഥയിൽ ബ്രിട്ടണുള്ളവിശ്വാസമാണ് ഇതിൽ തെളിയുന്നതെന്നും ഷെയ്‌ഖ് അഹ്മദ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്താനും കാർഷിക, വിവരസാങ്കേതിക, വ്യാവസായിക, ലോജിസ്റ്റിക് മേഖലകളിൽ ബ്രിട്ടനുള്ള അനുഭവ സന്പത്ത് കൂടുതലായി ഉപയോഗപ്പെടുത്താനും ചർച്ചകളിൽ തീരുമാനമായി.
ബ്രിട്ടൺ വ്യാപാരനയകാര്യ മന്ത്രി ഗ്രെഗ് ഹാൻഡ്‌സ്, ബ്രിട്ടണിലെ ഖത്തർ സ്ഥാനപതി യൂസഫ് ബിൻ അലി അൽ ഖദീർ, ഖത്തർ ചേംബർ ചെയർമാൻ ഷെയ്‌ഖ് ഖലീഫബിൻ ജാസിം ബിൻ മുഹമ്മദ് അൽതാനി, ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക്, പ്രത്യേക സാന്പത്തിക മേഖലാ വികസന കന്പനി(മനാടെക്) പ്രതിനിധികൾ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.