ആഗോ­ള തലത്തിൽ പ്രകൃ­തി­ വാ­തകത്തി­ന്റെ­ ആവശ്യം 2040ൽ 50% വർ­ദ്ധി­ക്കും : ഖത്തർ ഊർ­ജമന്ത്രി­


ദോഹ : ആഗോളതലത്തിൽ പ്രകൃതി വാതകത്തിന്റെ ആവശ്യം 2040 ആകുന്പോഴേക്കും 50% വർദ്ധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നതെന്നു ഖത്തർ ഊർജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സലേഹ് അൽ സാദ. ആഗോള ഊർജ രംഗത്തെ പ്രധാനിയായി പ്രകൃതിവാതകം മാറുമെന്നും അദ്ദേഹം പറഞ്ഞു. 

തായ്‌ലൻഡിലെ ബാങ്കോക്കിൽ ഏഷ്യയിലെ ഊർജ മന്ത്രിമാരുടെ വട്ടമേശസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിവാതകത്തിന്റെ സുവർണകാലമാണു വരാനിരിക്കുന്നത്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത ഊർജത്തിന് ആഗോളതലത്തിൽ വലിയ ആവശ്യമാണുണ്ടാകുക.

രാജ്യത്തിന്റെ സാന്പത്തിക വികസനത്തിനു സഹായിക്കുന്നതരത്തിലുള്ള ഊർജം തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ തീരുമാനവും പ്രകൃതിവാതകത്തിന്റെ ആവശ്യം വർദ്ധിപ്പിക്കാൻ കാരണമാകും. സാന്പത്തിക, ജനസംഖ്യ വളർച്ച മൂലം ഏഷ്യൻ ഭൂഖണ്ധത്തിലെ ഊർജാവശ്യങ്ങൾ വൻതോതിൽ വർദ്ധിക്കും. 

ഏഷ്യയിലെ എൽ.എൻ.ജി വിപണിയിൽ ശക്തമായ മുന്നേറ്റമാണുണ്ടാകുന്നത്. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ, തായ്‌വാൻ, തായ്‌ലൻഡ്, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങൾക്കു പുറമെ, ശ്രീലങ്ക, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നും ഇപ്പോൾ പ്രകൃതി വാതകത്തിനു വൻതോതിലുള്ള ആവശ്യമുയരുന്നുണ്ട്. വൈദ്യുതോൽപാദനത്തിനപ്പുറം, ഗതാഗതം, മാരിടൈം ഷിപ്പിങ് എന്നിവയ്ക്കും പ്രകൃതിവാതകം ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകും. 

ആഗോളതലത്തിൽ എൽ.എൻ.ജി ആവശ്യം 2020 ആകുന്പോൾ 314 ദശലക്ഷം ടണ്ണായും 2030 ആകുന്പോൾ 500 ദശലക്ഷം ടണ്ണായും വർദ്ധിക്കും. അടിയന്തര സാഹചര്യങ്ങളിൽപോലും ലോക രാജ്യങ്ങളുടെ വിശ്വസ്തനായ ഊർജ പങ്കാളിയാണു ഖത്തറെന്നു മന്ത്രി പറഞ്ഞു. ഉപഭോക്താക്കളുമായുള്ള ബന്ധത്തിനു വലിയ മൂല്യമാണു ഖത്തർ നൽകുന്നത്.

ഉപഭോക്താക്കൾക്കു മുടക്കമില്ലാതെ എൽ.എൻ.ജി ലഭ്യമാക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. വിലയുടെ കാര്യത്തിൽ ഉപഭോക്താക്കൾക്കും ഉൽപാദകർക്കുമിടയിൽ സന്തുലനാവസ്ഥ ഉണ്ടാവേണ്ടതുണ്ട്. ഉപഭോക്താക്കൾക്കു താരതമ്യേന കുറഞ്ഞ വിലയിൽ ഊർജം ലഭ്യമാകണം. അതേസമയം, ഉൽപാദകർക്ക് അവരുടെ പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതിനും എൽ.എൻ.ജി പദ്ധതികളിൽ മുതൽ മുടക്കുന്നതിനും അർഹമായ വരവുണ്ടാകേണ്ടതുണ്ടെന്നും അൽ സാദ പറഞ്ഞു.

You might also like

  • Straight Forward

Most Viewed