സൗജന്യ ഇ വിദ്യാഭ്യാസ പദ്ധതി : രണ്ട് ദിവസത്തിനിടെ പദ്ധതിയിൽ ചേർന്നത് 12000 പേർ

അബുദാബി : സൗജന്യ ഇ− വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് രണ്ടുദിവസത്തിനുള്ളിൽ തന്നെ പദ്ധതിയിൽ ചേർന്ന സന്നദ്ധപ്രവർത്തകരുടെ എണ്ണം 12,000 കവിഞ്ഞതായി യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. തന്റെ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം ശൈഖ് മുഹമ്മദ് പങ്കുെവച്ചത്.
അറബ് മേഖലയിലെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റംകൊണ്ട് വരാൻ പര്യാപ്തമായ പദ്ധതിയിൽ കണക്കിലും സയൻസിലും അറബിക്കിൽ പഠനസഹായ വീഡിയോകൾ നിർമ്മിക്കാൻ അധ്യാപകർ, ഗവേഷകർ, വീഡിയോ എഡിറ്റർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരായ സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ടെന്ന് പദ്ധതിയുടെ പ്രഖ്യാപന വേളയിൽ ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് രണ്ടു ദിവസത്തിനുള്ളിൽ തന്നെ പദ്ധതിയിലേക്ക് സന്നദ്ധപ്രവർത്തകർ ഒഴുകിയെത്തിയത്. ഒരു വർഷത്തിനുള്ളിൽ വിവർത്തനം പൂർത്തിയാക്കി 5000 വീഡിയോകൾ പുനർനിർമ്മിക്കുകയെന്ന വലിയ വെല്ലുവിളിയാണ് പദ്ധതിയിലൂടെ സാക്ഷാത്കരിക്കുകയെന്ന് പദ്ധതിയുടെ മാനേജർമാരിലൊരാളായ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
ഒക്ടോബർ 18 വരെ സന്നദ്ധസേവനത്തിനായി പദ്ധതിയുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അതിനുശേഷം അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരെ തിരഞ്ഞെടുക്കുമെന്നും അൽ നുഐമി പറഞ്ഞു.