സുശക്തമായ സമ്പദ് വ്യവസ്ഥകളില്‍ ഖത്തറിന് രണ്ടാം സ്ഥാനം

ദോഹ: മധ്യപൂര്‍വേഷ്യന്‍ വടക്കന്‍ ആഫ്രിക്കന്‍ മേഖല (മിന)യിലെ സുശക്തമായ സമ്പദ് വ്യവസ്ഥകളില്‍ ഖത്തര്‍ രണ്ടാംസ്ഥാനത്ത്. ലോക സാമ്പത്തികഫോറം പുറത്തിറക്കിയ 'ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടി'ലാണ് ഖത്തര്‍ രണ്ടാമതായി ഇടംപിടിച്ചത്. ആഗോളതലത്തില്‍ 140 രാജ്യങ്ങളുടെ പട്ടികയില്‍ 18-ാം സ്ഥാനവും രാജ്യം നേടിയിട്ടുണ്ട്.
എണ്ണവില കുത്തനെയിടിഞ്ഞ സാഹചര്യത്തിലും ഖത്തര്‍ ആഗോളതലത്തില്‍ മികച്ചനേട്ടം കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മിന മേഖലയില്‍ ഏറ്റവുമധികം വൈവിധ്യവത്കരണം നടന്ന സമ്പദ് വ്യവസ്ഥയാണ് ഖത്തറിന്റേത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 23.1 ശതമാനവും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു. യു.എ.ഇ.യില്‍ ഇത് 21.8 ശതമാനവും സൗദിയില്‍ 19.8 ശതമാനവുമാണ്.
ആഭ്യന്തരവിപണിയില്‍ ഏറെക്കാലമായി അനുവദിച്ചിരുന്ന വിലയിളവ് എടുത്തുകളഞ്ഞത് ഗുണകരമായി വരാനിടയുണ്ട്. കൂടുതല്‍ മികച്ചരീതിയിലുള്ള നിക്ഷേപങ്ങള്‍ വരാനും വന്‍കിടവ്യവസായങ്ങള്‍ കൂടുതല്‍ സ്ഥിരതനേടാനും ഇത് അവസരമൊരുക്കും. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെയും പലതരത്തിലുള്ള രാഷ്ട്രീയ അസ്ഥിരതകളുടെയും പശ്ചാത്തലത്തില്‍ പഠനറിപ്പോര്‍ട്ട് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായി ലോക സാമ്പത്തികഫോറം ഗ്ലോബല്‍ അജന്‍ഡ മേധാവി റിച്ചാര്‍ഡ് സാമന്‍സ് പറഞ്ഞു.