ഒമാനിലെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും

മസ്‌കത്ത്: കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഒമാനിലെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇന്നലെ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവര്‍ സപ്തംബര്‍ 27 മുതല്‍ ജോലിക്ക് ഹാജരാകണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.
അക്കാദമിക് ദിനങ്ങള്‍ 180 ദിവസത്തില്‍ കുറയാന്‍ പാടില്ല. ഇതനുസരിച്ച് വേണം അവധി ദിനങ്ങള്‍ ക്രമീകരിക്കാന്‍. ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ ക്ലാസുകള്‍ അദ്ധ്യായന വര്‍ഷം നടക്കും. ഇതിനാല്‍ ചില ക്ലാസുകള്‍ക്ക് മാത്രം സ്‌കൂളില്‍ എത്തിയാല്‍ മതിയാകും. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കും.
ഇന്ത്യന്‍ സ്‌കൂളുകളിലും ഇതു പ്രകാരമായിരിക്കും ക്ലാസുകള്‍ നടക്കുക. വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശങ്ങള്‍ ലഭിക്കുന്നതോടെ ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തും.