മെകുനു ; പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി

മസ്ക്കറ്റ് : മെകുനു ചുഴലിക്കാറ്റിനെത്തുടർന്നുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ഒമാൻ. നാശനഷ്ടങ്ങളുടെ കണക്കെടുത്തും അടിയന്തര സഹായങ്ങളെത്തിച്ചും റോഡുകൾ ഗതാഗതയോഗ്യമാക്കിയും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സംവിധാനങ്ങൾ ഏകോപിപ്പിച്ചുമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തകർന്ന പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമാണം അതിവേഗം പൂർത്തിയാക്കി ഗതാഗതം സുഗമാക്കാനുള്ള നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
റോഡുകളിലെയും താമസയിടങ്ങളിലെയും വെള്ളക്കെട്ട് നീക്കാനുള്ള പ്രവർത്തനങ്ങളും തുടങ്ങി. മിക്കവാറും സ്ഥലങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ച് കഴിഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളിലൊന്നും ഭക്ഷണത്തിനോ വെള്ളത്തിനോ ബുദ്ധിമുട്ടുണ്ടായില്ല.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് അവശ്യ സാധനങ്ങൾ എന്നിവയുമായി വ്യോമസേനയുടെ ഹെലിക്കോപ്റ്ററുകൾ ദോഫാറിൽ എത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നതിനും ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുന്നത്.