തോറ്റുകൊടുക്കില്ല, തിരിച്ചു വരും : അറ്റ്ലസ് രാമചന്ദ്രൻ

ദുബൈ : അധികം വൈകാതെ തന്നെ പഴയരീതിയിൽ സ്വർണ്ണാഭരണ വ്യാപാരത്തിലേക്ക് തിരിച്ചെത്തുമെന്ന് മൂന്ന് വർഷത്തെ ജയിൽ വാസത്തിന് ശേഷം തിരിച്ചെത്തിയ അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ എം.എം രാമചന്ദ്രൻ. ജീവിതത്തോട് പോരടിക്കുകയാണ് താനിപ്പോൾ. തോറ്റു കൊടുക്കില്ല. പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും. സൗദി, കുവൈത്ത്, ദോഹ, മസ്കറ്റ് എന്നിവടങ്ങിലെ ഷോറൂമുകൾ വിപുലീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വായ്പ്പയ്ക്ക് ഈടായി നൽകിയ ചെക്ക് മടങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്നും തിരിച്ചടവ് ഒരിക്കൽ താമസിച്ചുവെന്നും ദൈവത്തോടും ഒപ്പം നിൽക്കുന്ന നല്ലവരായ ആളുകളോടും തീർത്താൽ തീരാത്ത നന്ദി ഉണ്ടെന്നും രാമചന്ദ്രൻ പറഞ്ഞു.
മൂന്ന് വർഷത്തോളമാണ് ജനങ്ങളിൽ നിന്നു വിട്ടുനിന്നത്. അത് എല്ലാ അർത്ഥത്തിലും ഒരു പാഠമായി. ഇനി ബിസിനസ്സിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവരെ മറ്റ് പരിപാടികളെല്ലാം മാറ്റിവെക്കുകയാണ്. നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും അനുമതി ലഭിക്കാനുമുള്ള സമയം വേണ്ടതുണ്ട്. അത് ലഭിച്ചാലുടൻ പുതിയ സംരംഭവുമായി വീണ്ടുമെത്തും. അതും പഴയ രാമചന്ദ്രനായിട്ട് തന്നെയായിരിക്കും. ദുബൈയിൽ ഒരു ഷോറൂം തുടങ്ങിക്കൊണ്ടായിരിക്കും ആ തുടക്കം അദ്ദേഹം പറഞ്ഞു.
ദുബൈയിൽ തടവിലായിരുന്ന രാമചന്ദ്രൻ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്. ബാങ്ക് ഒാഫ് ബറോഡയടക്കം 23 ബാങ്കുകളാണ് കേസ് നൽകിയത്. തുടർന്ന് 2015 ആഗസ്റ്റ് 23ന് അദ്ദേഹത്തെ ദുബൈ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.