കേരളത്തിന്റെ ടീച്ചറമ്മയാണ് താരം

തിരുവനന്തപുരം: കോവിഡ്-19ന് എതിരായ കേരളത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ ബിബിസിയിലും ചർച്ചാവിഷയമായി. കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിൽ തത്സമയ ചർച്ചയ്ക്ക് വന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജ കേരളമോഡൽ ആരോഗ്യ സുരക്ഷയുടെ പ്രത്യേകതകൾ പ്രേക്ഷകരുമായി പങ്കുവച്ചു. ബിബിസി വേൾഡ് ന്യൂസ് വിഭാഗത്തിലാണ് കോവിഡ് പ്രതിരോധത്തിന്‍റെ കേരളമോഡൽ ചർച്ചയായത്.
ചൈനയിലെ വുഹാനിൽ കോറോണ വൈറസ് പടർന്നുവെന്ന വാർത്ത കേട്ടപ്പോൾ മുതൽ കേരളം കൈക്കൊണ്ട പ്രതിരോധ നടപടികളും അതിന്‍റെ ഫലങ്ങളും മന്ത്രി വിശദീകരിച്ചു. ഒപ്പം ആർദ്രം പദ്ധതിയെക്കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെക്കുറിച്ചും മന്ത്രി പ്രതിപാദിച്ചു. വിവിധ രാജ്യാന്തര മാധ്യമങ്ങളിൽ കേരളത്തിന്‍റെ കോവിഡ് പ്രതിരോധ മാർഗങ്ങൾ ഇതിനകം ചർച്ചയായിട്ടുണ്ട്. ബ്രിട്ടനിലെ പ്രമുഖ പത്രമായ ദി ഗാർഡിയൻ കഴിഞ്ഞ ദിവസം മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ടു ചെയ്തിരുന്നു.