കോൺഗ്രസ് ആസ്ഥാനത്തിന് 12ലക്ഷത്തിലധികം വാടക കുടിശ്ശിക


കോൺഗ്രസ് ആസ്ഥാനം, പാർട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതി പാർട്ടിയും നേതാക്കളും കൈവശം വെച്ചിരിക്കുന്ന ചില വസ്തുവകകൾ എന്നിവയ്ക്ക് വാടക കുടിശ്ശിക. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2012 ഡിസംബറിലാണ് അക്ബർ റോഡിൽ സ്ഥിതി ചെയ്യുന്ന കോൺഗ്രസ് ആസ്ഥാനത്തിന് അവസാനമായി വാടക നൽകിയത്. 12,69,902 (12.69 ലക്ഷം) രൂപയാണ് കെട്ടിടത്തിന്റെ വാടക കുടിശ്ശിക.

ജൻപഥ് റോഡിലെ സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്കും വാടക കുടിശ്ശികയുണ്ട്. 4610 രൂപയാണ് അടയ്ക്കാനുള്ളത്. 2020 സെപ്റ്റംബറിലാണ് ഔദ്യോഗിക വസതിയുടെ വാടക അവസാനമായി നൽകിയത്. സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി വിൻസെന്റ് ജോർജ് താമസിക്കുന്ന ചാണക്യപുരിയിലെ ബംഗ്ലാവിന്റെ വാടക 2013 ഓഗസ്റ്റിന് ശേഷം നൽകിയിട്ടില്ല. 5,07,911 രൂപയാണ് കുടിശ്ശിക. പൊതുപ്രവർത്തകനായ സുജിത് പട്ടേൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കാണ് കേന്ദ്ര ഹൗസിങ് നഗര വികസന മന്ത്രാലയം മറുപടി നൽകിയിരിക്കുന്നത്.

സ്വന്തമായി പാർട്ടി ആസ്ഥാനം നിർമിക്കാൻ കോൺഗ്രസിന് 2010 ജൂണിൽ റോസ് അവന്യൂവിൽ സ്ഥലം അനുവദിച്ചതാണ്. പാർട്ടി ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടമുൾപ്പെടെ ഒഴിയണമെന്ന് കാണിച്ച് 2013ൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ പാർട്ടി ഒന്നിലധികം തവണ സാവകാശം തേടിയിരുന്നു.

ഇപ്പോൾ അഴിമതി കാണിക്കാൻ അവസരമില്ലാത്തതിനാലാണ് സോണിയ വാടക നൽകാത്തതെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ പരിഹസിച്ചു. സോണിയ ഗാന്ധി സഹായനിധിയിലേക്ക് പത്ത് രൂപ നൽകിയെന്നും എല്ലാവരും ഇതിലേക്ക് സംഭവാന നൽകണമെന്നും അദ്ദേഹം ട്വിറ്ററിൽ ആവശ്യപ്പെട്ടു. പണം ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീന് ഷോട്ടും ബഗ്ഗ പങ്കുവെച്ചിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed