കോവിഡ് മരണം: നഷ്ടപരിഹാരത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ പരിശോധിക്കണമെന്ന് സുപ്രീംകോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി ദേശീയ തലത്തിൽ ഏകീകൃത സംവിധാനം കൊണ്ടുവരണമെന്നും കോടതി നിരീക്ഷിച്ചു. മരണ സർട്ടിഫിക്കറ്റുകളുടെ പേരിൽ മരിച്ചവരുടെ കുടുംബത്തിന് അനുകൂൽയം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യഹർജിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. അതേസമയം, നഷ്ടപരിഹാരം നൽകാനാകില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. ആരോഗ്യമേഖലയിൽ ചെലവ് വർധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്നും നയപരമായ വിഷയമായതിനാൽ കോടതി ഇടപെടരുതെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം.



