കാർഷിക നിയമം: പ്രത്യേക ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്രം

ന്യൂഡൽഹി: കാർഷിക നിയമത്തിലും കർഷക പ്രക്ഷോഭത്തിലും പാർലമന്‍റിൽ ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര സർക്കാർ. ഉപാധികളോടെയാണ് ചർച്ചയ്ക്ക് തയാറെന്ന നിർദ്ദേശം കേന്ദ്രം പ്രതിപക്ഷത്തിന് മുന്നിൽ വയ്ക്കുന്നത്. ലോക്‌സഭാ സ്തംഭനം ഒഴിവാക്കാൻ എന്ന നിലയ്ക്കാണ് കേന്ദ്രത്തിന്‍റെ നീക്കം. നന്ദി പ്രമേയ ചർച്ചയുമായി സഹകരിക്കണം, ബില്ലുകളിന്മേൽ ചർച്ചയ്ക്ക് തയാറാകണം, ബജറ്റ് പാസാക്കാൻ പിന്തുണയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യത്തിൽ ആലോചിച്ച് മറുപടി പറയാമെന്നാണ് പ്രതിപക്ഷ നിലപാട്. കേന്ദ്രത്തിന്‍റെ നിർദ്ദേശങ്ങൾ അടുത്ത ദിവസം രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചർച്ച ചെയ്ത് തിങ്കളാഴ്ച തീരുമാനം അറിയിക്കാമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.
ബജറ്റ് സമ്മേളനത്തിന്‍റെ നാല് ദിവസം കർഷക പ്രക്ഷോഭം മുൻ നിർത്തി പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ടുപോയ കേന്ദ്ര സർക്കാർ അടുത്ത സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന നിലപാടിലായിരുന്നു. എന്നാൽ മുന്നണിക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നതോടെയാണ് കേന്ദ്രം നിലപാട് മയപ്പെടുത്തിയത്. കേന്ദ്രത്തിന്‍റെ ചർച്ച ആവശ്യം പ്രതിപക്ഷം അംഗീകരിച്ചാൽ ബുധനാഴ്ച ബജറ്റ് പാസാക്കലും വ്യാഴാഴ്ച വിവിധ ബില്ലുകളിന്മേലുള്ള ചർച്ചയും നടക്കും. വെള്ളിയാഴ്ച പ്രത്യേക സെഷനിലായിരിക്കും കർഷകരുടെ പ്രശ്‌നങ്ങൾ ലോക്‌സഭ ചർച്ച ചെയ്യുക.