രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വര്‍ധന; കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍


ന്യൂഡൽഹി: രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 18,885 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴായിരത്തിലധികം കേസുകളാണ് അധികമായി സ്ഥിരീകരിച്ചത്.

20,746 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,03,94,352 ആയി. നിലവിൽ രാജ്യത്ത് സജീവരോഗികളുടെ എണ്ണം 1,71,686 ആണ്.
ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 163 പേരാണ് കോവിഡ് മൂലം ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 1,54,010 ആയി. 29,28,053 പേർ ഇതുവരെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
കേരളത്തിൽ ദിനം പ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല. 5771 പേർക്കാണ് പുതിയതായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,935 പേർ നിരീക്ഷണത്തിലുണ്ട്. 1601 പേരെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൊവി‍ഡിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രതിരോധ പ്രവർത്തനത്തിനായി ഫെബ്രുവരി 10 വരെ പൊലീസ് പരിശോധന കർശനമാക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി 25,000 പൊലീസുകാരെ വിന്യസിക്കും. രാത്രിയാത്രകൾക്കും നിയന്ത്രണമുണ്ട്. 10 മണിക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed