ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപ്പാസിലെ ടോൾ ബൂത്ത് വാഹനം ഇടിച്ചു തകർന്നു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ ടോൾ ബൂത്ത് വാഹനം ഇടിച്ചു തകർന്നു. കൊമ്മാടിയിൽ സ്ഥാപിച്ച കൗണ്ടറുകളിൽ ഒന്നാണ് പൂർണമായും പൊളിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ മരം കയറ്റിവന്ന ലോറിയാണ് അപകടം ഉണ്ടാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിച്ചിട്ടില്ലാത്തതിനാൽ തൊഴിലാളികൾ ആരും ഇവിടെ ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ച ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസിൽ രണ്ടു കാറുകളും ഒരു മിനി ലോറിയും ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചിരുന്നു. ഇരു വശത്തും മണിക്കൂറുകൾ കാത്തു കിടന്ന വാഹനങ്ങൾ ബൈപ്പാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. അതിനിടെയാണ് ഒരു വശത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചത്.