സൗരവ് ഗാംഗുലിക്ക് വീണ്ടും നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊൽക്കത്ത: ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ജനുവരി രണ്ടിന് നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയും ചെയ്‌തിരുന്നു. ഹൃദയധമനിയിലെ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയതിൽ ഒരെണ്ണം നീക്കിയിരുന്നു. മറ്റ് രണ്ട് ബ്ലോക്കുകൾക്ക് ശസ്ത്രക്രിയ വേണ്ടതില്ലെന്നായിരുന്നു കൊൽക്കത്ത വുഡ്‌ലാൻഡ് ആശുപത്രിയിലെ ഡോക്‌ടർമാർ അറിയിച്ചിരുന്നത്. അതിനിടെയാണ് അദ്ദേഹത്തിന് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടിരിക്കുന്നത്.