തമിഴ്നാട്ടിൽ യുവതിയേയും മകനെയും കൊലപ്പെടുത്തി 16 കിലോ സ്വർണം കവർന്നു

ചെന്നൈ: തമിഴ്നാട് സിർക്കഴിയിൽ ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനെയും കൊലപ്പെടുത്തി വൻ കവർച്ച. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കവർച്ചക്കാരിൽ ഒരാളും കൊല്ലപ്പെട്ടു. ജ്വല്ലറി ഉടമ ധൻരാജിന്‍റെ ഭാര്യ ആശ , മകൻ അഖിൽ എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടിൽനിന്ന് 16 കിലോ സ്വർണാഭരണങ്ങളും കവർന്നു. ധൻരാജിനും അഖിലിന്‍റെ ഭാര്യ നികിലയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇരുവരേയും സിർക്കഴിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറോടെയാണ് രാജസ്ഥാൻകാരായ കവർച്ചക്കാർ ധൻരാജിന്‍റെ വീട്ടിൽ കടക്കുന്നത്. വീട്ടിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം സ്വർണം കവർന്ന് കടന്നുകളയുകയായിരുന്നു.കവർച്ചക്കാർ ഇരുക്കൂർ ഗ്രാമത്തിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഇവിടം വളഞ്ഞു. കവർച്ചക്കാരിൽ മണിബാൽ, മനീഷ്, രമേഷ് പ്രകാശ് എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ പോലീസ് പിടികൂടി. എന്നാൽ കവർച്ചക്കാരിൽ ഒരാളായ കർണരാം ഇവിടെനിന്നും കടന്നുകളഞ്ഞിരുന്നു. പിടികൂടിയ മൂന്നുപേരുമായി പോലീസ് സ്വർണം ഒളിപ്പിച്ച സ്ഥലത്തെത്തി. ഇവിടെവച്ച് പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ മണിബാൽ ശ്രമിച്ചു. പോലീസ് വെടിവയ്പിൽ ഇയാൾ കൊല്ലപ്പെട്ടു. കൊള്ളക്കാരിൽനിന്ന് കവർച്ച ചെയ്ത സ്വർണവും രണ്ട് തോക്കുകളും പോലീസ് കണ്ടെടുത്തു.