ചെന്നിത്തലയെ കറിവേപ്പില പോലെ കോൺഗ്രസ് പുറത്തിട്ടെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: തിരഞ്ഞെടുപ്പ് സമിതിയുടെ അദ്ധ്യക്ഷനായി ഉമ്മൻചാണ്ടിയെ നിയമിച്ച കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനത്തോട് നന്ദി പറയേണ്ടി വരുമെന്ന് പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉമ്മൻചാണ്ടിയെയും പിണറായി വിജയനെയും ഒരുപോലെ തുറന്നുകാട്ടാനുളള വഴിയാണ് ഇതിലൂടെ ഒരുങ്ങിയിരിക്കുന്നത്. അഞ്ച് വർഷം മുൻപുളള കാര്യങ്ങളെ ഓർമ്മിപ്പിക്കാനുളള അവസരമാണ് ഉമ്മൻചാണ്ടിയെ മടക്കി കൊണ്ടുവന്നതിലൂടെ ഹൈക്കമാന്റ് ഉണ്ടാക്കിയതെന്നും കോഴിക്കോട്ടെ വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു. അഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്ത് കളഞ്ഞിട്ടാണ് ഉമ്മൻചാണ്ടിയെ കൊണ്ടുവന്നത്. ഇത് ആരുപറഞ്ഞിട്ടാണ്? പാണക്കാട്ട് നിന്നുളള നിർദ്ദേശപ്രകാരമാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.