ഇന്ത്യയിൽ കൊറോണ വാക്‌സിൻ സൗജന്യം: വിതരണം ഉടൻ
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വാക്‌സിൻ സൗജന്യമെന്ന് കേന്ദ്ര സർക്കാർ. അടിയന്തിര വാക്‌സിൻ ഉപയോഗത്തിനുള്ള അന്തിമ അനുമതി രണ്ട് ദിവസത്തിനകം നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ അറിയിച്ചു. വാക്‌സിൻ വിതരണം ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സെറം ഇൻസ്റ്റിറ്റിയൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിക്ക് ശുപാർശ നൽകിയിരുന്നു. ഇന്നലെ ഡൽഹിയിൽ ചേർന്ന വിദഗ്ദ്ധസമിതി യോഗത്തിലാണ് തീരുമാനം. വാക്‌സിന് ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രെെ റൺ നടന്നു. കുത്തിവെപ്പ് ഒഴികെയുള്ള മുഴുവൻ നടപടിക്രമങ്ങളും ട്രയൽ റണിന്റെ ഭാഗമായി നടത്തി. മാർഗനിർദേശ പ്രകാരമുള്ള നടപടികൾ പൂർത്തിയായോ എന്ന് വിശകലനം ചെയ്യുമെന്നും ഹർഷവർദ്ധൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

