ബിജെപി അധികാരത്തിലേറിയാല്‍ ഹൈദരബാദ് 'ഭാഗ്യനഗര്‍' ആകും


ഹൈദരാബാദ്: ഹൈദരാബാദിന്‍റെ പുനർനാമകരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റർ ഹൈദരബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങൾക്കായി ബിജെപിയുടെ പ്രമുഖ നേതാക്കൾ പലരും ഹൈദരാബാദിലെത്തിയിട്ടുണ്ട്. കേന്ദ്രനേതാക്കളെ അടക്കം ഇറക്കി സജീവ പ്രചരണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇത്തരമൊരു പരിപാടിക്കിടെയാണ് ഹൈദരാബാദിന്‍റെ പുനർനാമകരണം സംബന്ധിച്ചും ചോദ്യം ഉയർന്നത്.

'ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റിക്കൂടെയെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിയില്ല എന്നാണ് ഞാനവരോട് ചോദിക്കുന്നത്. ഉത്തര്‍പ്രദേശിൽ ബിജെപി അധികാരത്തിലേറിയപ്പോൾ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ് രാജ് എന്നും പേര് മാറ്റിയിരുന്നു. പിന്നെന്ത് കൊണ്ട് ഹൈദരാബാദ് 'ഭാഗ്യനഗർ'എന്ന് പുനർനാമകരണം ചെയ്തു കൂട? എന്നായിരുന്നു ഒരു റോഡ് ഷോയ്ക്കിടെ യോഗിയുടെ വാക്കുകൾ.
ബിഹാർ നിയമസഭയിൽ സത്യപ്രതിജ്ഞ ചടങ്ങുകൾക്കിടെ 'ഹിന്ദുസ്ഥാൻ'എന്ന വാക്കിന് പകരം ഭാരതം എന്ന വാക്കുപയോഗിച്ച ആൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (AIMIM) എംഎൽഎ അക്തറുൽ ഈമാനെതിരെയും കടുത്ത വിമര്‍ശനങ്ങൾ ചടങ്ങിൽ യോഗി ഉന്നയിച്ചു

ഭരണപാർട്ടിയായ തെലങ്കാന രാഷ്ട്രീയ സമിതിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ആദിത്യനാഥ് ഉന്നയിച്ചത്.ടിഎസ്ആറും അമീമും തമ്മിൽ ഒരു അവിശുദ്ധ ബന്ധം ഉടലെടുത്തിട്ടുണ്ടെന്നും ഹൈദരാബാദിന്‍റെ വികസനത്തിന് ഇതാണ് തടസം സൃഷ്ടിക്കുന്നതെന്നുമായിരുന്നു വാക്കുകൾ. ബിജെപിക്കായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച അദ്ദേഹം മോദി സർക്കാരിന്‍റെ ചില സുപ്രധാന പദ്ധതികൾ സംബന്ധിച്ചും ഊന്നിപ്പറഞ്ഞു.
ഡിസംബർ ഒന്നിനാണ് ഗ്രേറ്റർ ഹൈദരബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഡിസംബർ നാലിന് ഫലപ്രഖ്യാപനവും നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed