ലഭ്യമായാൽ ഹജ്ജ് തീർത്ഥാടകർക്ക് കോവിഡ് 19 വാക്സിൻ നൽകുമെന്ന് ന്യൂനപക്ഷകാര്യമന്ത്രി


ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടകർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. അടുത്തവർഷത്തെ തീർത്ഥാടനത്തിന് മുന്നെയായി വാക്സിൻ ലഭ്യമാകുമെങ്കിൽ തീർത്ഥാടകർക്ക് നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. കോവിഡ് വാക്സിൻ 2021 പകുതിയോടെ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് നഖ്വി ഒരുമാധ്യത്തോട് ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ന്യൂനപക്ഷകാര്യ മന്ത്രാലയം ചില മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സൗദി അറേബ്യ നിഷ്കർഷിച്ച നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങളെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ തീർത്ഥാടകർക്ക് പ്രായപരിധി നിശ്ചയിച്ചേക്കുമെന്നായിരുന്നു മുഖ്യ നിർദേശം. ഇതിനൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം ഇന്ത്യ റദ്ദാക്കിയിരുന്നു. 2021 ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷകാര്യമന്ത്രാലയത്തിന്‍റെ മാർഗ നിർദേശങ്ങളെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed