തിരുപ്പതി ക്ഷേത്രത്തിൽ 743 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു


ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ഇതുവരെയായി 743 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷം ജൂൺ 11ന് തുറന്ന ക്ഷേത്രത്തിലെ മൂന്ന് ജീവനക്കാർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നേരത്തെ ക്ഷേത്രത്തിലെ മുൻമുഖ്യ പൂജാരി ക്ഷേത്ര ട്രസ്റ്റിന് കീഴിലെ ആശുപത്രിയിൽ മരിച്ചിരുന്നു. 338 ജീവനക്കാർ തിരുമല തിരുപ്പതി ദേവസ്ഥാനം റസ്റ്റ് ഹൗസിൽ ചികിത്സയിൽ കഴിയുകയാണ്. രോഗികളുടെ എണ്ണം കൂടിയതോടെ മറ്റുചില റസ്റ്റ് ഹൗസുകളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.

രോഗം ബാധിച്ച ജീവനക്കാരിൽ 402 പേർ രോഗമുക്തരായി ക്ഷേത്രത്തിൽ മടങ്ങിയെത്തിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ധനലാഭം കണക്കാക്കിയാണ് ക്ഷേത്രം തുറന്നതെന്ന ആരോപണം ചിലരുടെ കുടിലതയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ക്ഷേത്രത്തിൽ ദർശനത്തിനുളള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും ഭക്തർ ഇക്കാര്യത്തിൽ പൂർണ തൃപ്തരാണെന്നുമാണ് അധികൃതർ പറയുന്നത്. ജൂലായ് വരെ 2.38 ലക്ഷം ഭക്തജനങ്ങളാണ് ദർശനം നടത്തിയത്. ഒരു ദിവസം 12,000 പേർക്ക് ദർശനം നൽകുന്ന രീതിയിലാണ് ക്ഷേത്രം ലോക്ക്ഡൗൺ അവസാനിച്ചശേഷം തുറന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed