തമിഴ്നാട്ടിൽ നിന്നുള്ള നാല് മെഡിക്കൽ വിദ്യാർത്ഥികൾ റഷ്യയിൽ മുങ്ങിമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടുകാരായ നാല് വിദ്യാർത്ഥികൾ റഷ്യയിൽ മുങ്ങിമരിച്ചു. പ്രശസ്തമായ വോൾഗാ നദിയിലാണ് അത്യാഹിതം ഉണ്ടായത്. തമിഴ്‌നാട്ടിലെ തിരുപ്പൂർ, ഗൂഡല്ലൂർ, ചെന്നൈ സ്വദേശികളായ വിഘ്‌നേഷ്, മനോജ് ആനന്ദ്, മുഹമ്മദ് ആഷിഖ്, എം. സ്റ്റീഫന്‍ എന്നിവരാണ് മരണപ്പെട്ടത്. നാലുപേരും റഷ്യയിലെ വോൾഗാഗാർഡ് മെഡിക്കൽ സർവ്വകലാശാലയിലെ വൈദ്യശാസ്ത്ര വിദ്യാർത്ഥികളായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിലെത്താൻ ആറുമാസം ബാക്കിനിൽക്കേയാണ് അത്യാഹിതം സംഭവിച്ചത്.
വിദ്യാർത്ഥികൾ അപകടത്തിൽപെട്ട വിവരം സഹപാഠികളാണ് അറിയിച്ചത്. 10 പേരടങ്ങുന്ന സംഘമാണ് അവധി ദിവസം നദിയിൽ ബോട്ടുയാത്രയ്ക്കായി പോയത്. പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലിൽ ബോട്ടുമറിയുകയായിരുന്നു. മറ്റ് ആറുപേരും നീന്തിരക്ഷപെട്ടു. കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഘ്‌നേഷും ഒഴുക്കിൽപ്പെട്ടത്. നാലുപേരുടേയും മൃതദേഹങ്ങൾ ലഭിച്ചതായി വോൾഗാഗാർഡ് പോലീസ് അറിയിച്ചു. കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വാഗ്ദ്ദാനം ചെയ്തു.