ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ഐസ്ഐ വനിതാ ചാവേറുകളെ ഇറക്കിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ വനിതാ ചാവേറുകളെ ഇറക്കി പാക് ചാരസംഘടനയായ ഐഎസ്‌ഐ. ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താനും ഭീകരരെ സുരക്ഷാ ഏജൻസികളിൽ നിന്നും സംരക്ഷിക്കാനുമാണ് ഐഎസ്‌ഐ വനിതകളെ റിക്രൂട്ട് ചെയ്തതെന്നാണ് സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിരിക്കുന്ന വിവരം. കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന ശക്തമായ നടപടികൾ കാരണം ഭീകരർക്ക് പാകിസ്ഥാനിൽ നിന്നും ഫണ്ട് ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭീകരരെ നിയന്ത്രണ രേഖയിലൂടെ കശ്മീരിലേക്ക് നുഴഞ്ഞു കയറാൻ സഹായിക്കാനും ഐഎസ്‌ഐ വനിതകളെ നിയോഗിച്ചിട്ടുണ്ട്.
മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കോഡ് വാക്കുകളുപയോഗിച്ച് മാത്രമെ ഭീകരരുമായും അവരുടെ കമാൻഡർമാരുമായും സന്പർക്കം പുലർത്താവൂവെന്നും ഐഎസ്‌ഐ വനിതാ ചാവേറുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി 380ഓളം ഭീകരർ തക്കം പാർത്തിരിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഭീകർക്ക് നുഴഞ്ഞു കയറാനുള്ള അവസരമൊരുക്കുന്നതിനായി പാക് സൈന്യം അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തി ഭീകരരെ സഹായിക്കുന്ന നീക്കമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.