ഗൾഫിൽ നിന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ


ന്യൂഡൽഹി: ഗൾഫിൽ നിന്ന് ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വിമാനം ചാർട്ടർ ചെയ്ത് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് അനുമതി നൽകാനാണ് തീരുമാനം. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പച്ചക്കൊടി വ്യോമയാന മന്ത്രാലയത്തിന് കിട്ടി. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അപേക്ഷകൾ സർക്കാരിന് കിട്ടിയിരുന്നു. 

കേരളത്തിലേക്കുള്ളത് ഉക്ഷപ്പെടെ വന്ദേഭാരത് ദൗത്യത്തിൻ്റെ ഭാഗമായി ഇന്ന് പന്ത്രണ്ട് വിമാന സർവ്വീസുകളാണുള്ളത്. വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ സാൻഫ്രാൻസിസ്കോ, ലണ്ടൻ, മോസ്കോ എന്നിവടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാനമുണ്ടാകും. 

വന്ദേഭാരത് ദൗത്യത്തിൻ്റെ രണ്ടാംഘട്ടത്തിൽ 106 വിമാനങ്ങളാണ് സർവ്വീസ് നടത്തുക. ശനിയാഴ്ച മുതൽ ഈ മാസം 22വരെ തുടരുന്ന ദൗത്യത്തിലാണ് 106 വിമാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് 31 വിമാനങ്ങളാണ് ഈ ഘട്ടത്തിൽ  ഉള്ളത്. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തും. 

ജക്കാർത്ത, മനില, ക്വലാലംപൂർ, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സർവ്വീസുണ്ട്. റഷ്യയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാന സർവ്വീസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉക്രെയിനിൽ നിന്ന് കൊച്ചിയിലേക്കും പ്രത്യേക വിമാനം ഉണ്ടാകും. ലണ്ടൻ, ഡബ്ളിൻ, റോം, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്കുള്ള സർവ്വീസുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed