എയർ ഇന്ത്യ മെയ് 19 മുതൽ ആഭ്യന്തര സർവ്‍വീസ് ആരംഭിക്കും

ചെന്നൈ: വീട്ടിൽ പോകാനാകാതെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കടക്കുന്നവരെ സഹായിക്കാൻ ആഭ്യന്തര സർവ്‍വീസിനൊരുങ്ങി എയർ ഇന്ത്യ. മെയ് 19 മുതൽ ജൂൺ രണ്ട് വരെയാണ് പ്രത്യേക സർവ്‍വീസുകൾ ആരംഭിക്കുക. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നീ നഗരങ്ങളിൽ നിന്നായിരിക്കും സർവ്‍വീസ്. ഡൽഹിയിൽ നിന്ന് ജയ്പൂർ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അമൃത്സർ, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സർവ്‍വീസ് നടത്തുക.
സർവ്‍വീസ് ആരംഭിക്കാൻ വ്യോമ മന്ത്രാലയത്തിൽ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എയർ ഇന്ത്യ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തുക്കുന്ന വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ ആഭ്യന്തര സർവ്‍വീസും ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ക്വാറന്റൈൻ മാനദണ്ധങ്ങൾ അനുസരിച്ചായിരിക്കും സർവ്‍വീസ് നടത്തുക.