കൊറോണയ്ക്കെതിരായ പോരാട്ടത്തിന് ലോക്ക് ഡൗൺ പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നോവൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ലോക്ക് ഡൗൺ പരിഹാരമല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൂടുതൽ സാമ്പിൾ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഹോട്ട്സ്പോട്ട് എന്നും നോൺ−ഹോട്ട്സ്പോട്ടെന്നും രണ്ട് സോണുകൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ലോക്ക് ഡൗൺ വൈറസിനെ പരാജയപ്പെടുത്തില്ല. ഇത് കുറച്ചു സമയത്തേക്ക് വൈറസിനെ തടയാൻ മാത്രമേ സഹായിക്കുവെന്നും അദ്ദേഹം പറഞ്ഞു. വൈറസിനെ പരാജയപ്പെടുത്താനുള്ള ഏകമാര്‍ഗം പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുക മാത്രമാണ്. വീഡിയോ ആപ്പു മുഖാന്തരം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരായ ഏറ്റവും വലിയ ആയുധം പരിശോധനയാണ്. പരിശോധനയിലൂടെ വൈറസ് വ്യാപനം അറിയാനാകും. മാത്രമല്ല അതിനെ ഒറ്റപ്പെടുത്താനും അതിനെതിരെ പോരാടാനും കഴിയുമെന്നും രാഹുൽ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ കേരളത്തെയും രാഹുൽ അഭിനന്ദിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.