ഷാ ഫൈസലിന് മേൽ പൊതു സുരക്ഷാ നിയമം ചുമത്തി

ന്യൂഡൽഹി: ഐ.എ.എസ് ഉദ്യോഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ കശ്മീരി നേതാവ് ഷാ ഫൈസലിന് മേൽ പൊതു സുരക്ഷാ നിയമം ചുമത്തി. കോടതി നടപടികളിലേക്ക് കടക്കാതെ ഒരു വ്യക്തിയെ മൂന്ന് മാസം വരെ തടവിൽ പാർപ്പിക്കാൻ സാധിക്കുന്നതാണ് പൊതു സുരക്ഷാ നിയമം. പല വട്ടം തടങ്കൽ കാലാവധി വർദ്ധിപ്പിക്കാനും നിയമത്തിലൂടെ സാധിക്കും. കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയെയും, മെഹ്ബൂബ മുഫ്തിയെയും ഇതേ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് തടങ്ങലിൽ പാർപ്പിച്ചിട്ടുള്ളത്. ഫറൂഖ് അബ്ദുള്ള, അലി മുഹമ്മദ് സാഗർ, സർതാജ് മദനി, ഹിലാൽ ലോണെ, നയീം അക്തർ എന്നീ കശ്മീരി നേതാക്കളും ഇതേ നിയമത്തിന്‍റെ ബലത്തിൽ തടങ്കലിലാണ്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ഓഗസ്റ്റ് 14നാണ് ഷാ ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്. പഠന ആവശ്യത്തിനായി വിദേശത്തേക്ക് പോകാൻ ദില്ലി എയർപ്പോർട്ടിൽ എത്തിയപ്പോഴായിരുന്നു ഇത്. ശ്രീനഗറിലേക്ക് തിരിച്ചയക്കപ്പെട്ട ഫൈസലിനെ അന്ന് മുതൽ തടവിലാണ്. തന്നെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഷാ ഫൈസലിന്റെ ഒരു അഭ്യുദയകാംക്ഷി ഡൽഹി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചുവെങ്കിലും പിന്നീട് ഫൈസലിന്റെ തന്നെ നിർദ്ദേശത്തെത്തുടർന്ന് പിൻവലിച്ചിരുന്നു. ജമ്മു കശ്മീരിലെ നൂറുകണക്കിന് കാശ്മീരികൾ തന്നെപ്പോലെ തടങ്കലിൽ പാർപ്പിക്കപ്പെട്ടിട്ടുണ്ടെന്നും. അവരിൽ പലർക്കും ലഭ്യമല്ലാത്ത നിയമസഹായം തനിക്കും വേണ്ടെന്നുമായിരുന്നു ഷാ ഫൈസലിന്‍റെ നിലപാട്. എന്തിനാണ് തടങ്കലിലാക്കിയിരിക്കുന്നത് എന്ന് പോലും പലർക്കുമറിയില്ല. അവർക്കൊക്കെ നിഷേധിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യം തനിക്കുമാത്രമായി വേണ്ട എന്നാണ് ഷാ ഫൈസൽ ഈ പിന്മാറ്റത്തിന് കാരണമായി അറിയിച്ചത്.
2010ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാമനായി സർവീസിലേക്ക് കടന്നുവന്ന ഷാ ഫൈസൽ 2019ൽ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി രാജിവയ്ക്കുകയായിരുന്നു. പിന്നീട് ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് (JKPM) എന്നപേരിൽ ഷാ ഫൈസൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. രാജ്യത്തിൻറെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരെ പൊതുജനങ്ങളെ തന്റെ പ്രസംഗങ്ങളിലൂടെ ഇളക്കിവിടാൻ ശ്രമിച്ചു എന്നതാണ് ഷാ ഫൈസലിനെതിരെ സർക്കാർ ഉന്നയിച്ചിട്ടുള്ള കുറ്റം.