കാണാതായ ആറുവയസുകാരി മരിച്ച നിലയിൽ; സമീപത്ത് മറ്റൊരു പുരുഷന്റെ മൃതദേഹവും


സൗത്ത് കാരലൈനാ:  സൗത്ത് കാരലൈനായിലെ വീടിനു മുൻപിൽ നിന്നും ഫെബ്രുവരി 10 തിങ്കളാഴ്ച കാണാതായ ഫെയ് മേരി എന്ന ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയതായി സയക്ക് പബ്ലിക്ക് സേഫ്റ്റി ഡയറക്ടർ ബയ്റൺ അറിയിച്ചു. മൃതദേഹം എവിടെയാണു കണ്ടെത്തിയതെന്ന് വെളിപ്പെടുത്താൻ ഡയറക്ടർ വിസമ്മതിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ അതേ സമയത്തു തന്നെ ഇതിനു സമീപം ചർച്ച് ഹിൽ ഹൈറ്റ്സിൽ നിന്നു  മറ്റൊരു പുരുഷന്റെ മൃതദേഹവും തിരിച്ചറിയാനാകാത്ത വിധം കണ്ടെത്തിയതായി ബയ്റൺ അറിയിച്ചു. ഫെയുടെ മരണവുമായി ഇതിനു ബന്ധമുണ്ടോ എന്നു ഡയറക്ടർ വെളിപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലെത്തിയ കുട്ടിയെ വീടിനു മുൻപൽ കളിച്ചു കൊണ്ടിരിക്കുന്നതാണ് അവസാനമായി കണ്ടത്. പിന്നീട്  അപ്രത്യക്ഷയാകുകയായിരുന്നു. ഫെയെ അവസാനമായി കാണുമ്പോൾ ചർച്ച് ഹിൽ  ഹൈറ്റ്സിൽ രണ്ട് അപരിചിത വാഹനങ്ങൾ കണ്ടെത്തിയതായി പറയപ്പെടുന്നു. എഫ്ബിഐ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച മുതൽ തന്നെ കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നതിനു തെളിവുകൾ ഇല്ലെങ്കിലും ആ സാധ്യതയും പൊലീസ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.

You might also like

Most Viewed