ജാദവ്പൂർ സർവകലാശാലയിൽ ബംഗാൾ ഗവർണറെ വീണ്ടും വിദ്യാര്‍ത്ഥികള്‍ തടഞ്ഞു

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറെ ജാദവ്പുർ സർവകലാശാലയിലെ വിദ്യാർത്ഥികൾ തടഞ്ഞു കരിങ്കൊടി കാണിച്ചു. ക്ഷുഭിതനായി ബംഗാള്‍ ഗവര്‍ണര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇവിടെ നിയമ വാഴ്ചയില്ലേ എന്ന് വിദ്യാര്‍ഥികളോട് ഗവര്‍ണര്‍ ചോദിച്ചു. കഴിഞ്ഞ ദിവസവും വിദ്യാര്‍ഥികള്‍ ഗവര്‍ണറെ തടഞ്ഞിരുന്നു.
ഇന്നലെ സർവകലാശാലയിൽ വാർഷിക ബിരുദ സമർപ്പണച്ചടങ്ങിന് എത്തിയതാണ് ഗവർണർ. ‘ഇത്തരമൊരു സാഹചര്യം സർവകലാശാലാ അധികൃതർ അനുവദിച്ചുകൊടുത്തതെങ്ങനെയെന്നും എന്തുകൊണ്ടിത് അവർക്കു നിയന്ത്രിക്കാനാവില്ലെന്നും എനിക്ക് അദ്ഭുതം തോന്നുന്നു. ആ സംവിധാനം തന്നെ തകർന്നിരിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ ക്ഷണിച്ചത് ചടങ്ങിൽ വിദ്യാർത്ഥികളോടു സംസാരിക്കാനും പ്രമുഖ വ്യക്തികളെ ആദരിക്കാനുമാണ്. അതേസമയം, വൈസ് ചാൻസലർക്ക് ചടങ്ങിൽ സംസാരിക്കാനോ വിദ്യാർത്ഥികൾക്കു ബിരുദസമർപ്പണം നടത്താനോ അവസരം ലഭിച്ചിരുന്നില്ല. ഇക്കാര്യത്തിലും വിദ്യാർഥികൾ പ്രതിഷേധിക്കുന്നുണ്ട്.
ചാൻസലർ, ഗവർണർ എന്നീ നിലകളിൽ ഇത് വേദനാജനകമായ നിമിഷമായിരുന്നുവെന്ന് ജഗ്ദീപ് ധൻകർ പറഞ്ഞു. ‘ബിരുദം ഏറ്റുവാങ്ങാൻ വിദ്യാർത്ഥികൾ സർവകലാശാലയിൽ കാത്തിരിക്കുകയാണ്. എന്നാൽ ഏതാനും പേർ എന്നെ സർവകലാശാലാ ഗേറ്റിനു മുന്നിൽ തടഞ്ഞു. സംസ്ഥാനത്ത് നിയമസംവിധാനം പൂർണ തകർച്ചയിലാണ്. സംസ്ഥാന സർക്കാർ വിദ്യാഭ്യാസത്തെ തടങ്കിലാക്കിയിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.