രാഹുലിനെയും പ്രിയങ്കയെയും മീററ്റില്‍ പോലീസ് തടഞ്ഞു; പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനായില്ല


ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ മരിച്ചവരുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും പോലീസ് തടഞ്ഞു. മീററ്റില്‍ പ്രവേശിക്കാന്‍ ഇരുവരേയും പോലീസ് അനുവദിച്ചില്ല. രണ്ടു ദിവസത്തിന് ശേഷം അനുമതി നല്‍കാമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

ഇവിടെ താല്‍ക്കാലികമായി ജനക്കൂട്ടത്തെ നിരോധിച്ചിരിക്കുകയാണെന്നാണ് പോലീസ് നടപടിയെ ന്യായീകരിച്ചത്. ആ മേഖലയിലേക്ക് പോകുന്നത് അപകടമാണെന്ന് പോലീസ് ഇരുവരേയും അറിയിച്ചു. സന്ദര്‍ശനം മാറ്റി വെയ്ക്കാനും ആവശ്യപ്പെട്ടു. റോഡുമാര്‍ഗ്ഗമാണ് ഇരുവരും ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പോയത്. എന്നാല്‍ മീററ്റിലേക്ക് കടക്കും മുമ്പ് ഇരുവരും സഞ്ചരിച്ച കാര്‍ തടയുകയായിരുന്നു. പ്രദേശത്ത് പ്രശ്ന സാധ്യത നില നില്‍ക്കുന്നു എന്നും പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ രേഖയുണ്ടോയെന്നും പ്രത്യേക ഉത്തരവുണ്ടോ എന്നും രാഹുല്‍ പോലീസ് ഉന്നതരോട് ചോദിച്ചു. എന്നാല്‍ അപ്പോള്‍ കയ്യില്‍ ഇല്ലാത്തതിനാല്‍ പകരം എഴുതി നൽ‍കാമെന്ന് പോലീസ് പറയുകയും പിന്നീട് എഴുതി നല്‍കിയ ശേഷം വാഹനം തിരിച്ചു വിടുകയുമായിരുന്നു.

കഴിഞ്ഞയാഴ്ച പൗരത്വ ബില്ലില്‍ നടന്ന പ്രതിഷേധത്തില്‍ ആറ് പേരോളം മരണമടഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ട്. മീററ്റില്‍ മാത്രം അഞ്ചുപേരാണ് വെടിവെയ്പ്പില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ബിജ് നോറില്‍ എത്തി പ്രിയങ്ക വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മീററ്റിലേക്ക് ഇരുവരും പോയത്. ബിജിനോറില്‍ വെടിവെച്ചെന്ന് പോലീസ് പിന്നീട് പറഞ്ഞു. യുപിയില്‍ 18 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഇതില്‍ എത്രപേര്‍ വെടിയേറ്റ് മരിച്ചു എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ പോലീസ് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ നേരത്തേ പുറത്തു വിട്ടിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed