സാഹചര്യങ്ങൾ അനുകൂലമായാൽ ജെഡിഎസുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്


ന്യൂഡൽഹി: സാഹചര്യങ്ങൾ അനുകൂലമായാൽ കർണാടകയിൽ ജെഡിഎസുമായി സഖ്യമുണ്ടാക്കാൻ മടിക്കില്ലെന്ന് കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പിനുശേഷം സാഹചര്യം അനുകൂലമായാൽ ചർച്ചകൾ നടത്തുമെന്നും ഇരുപാർട്ടികളും തമ്മിലുള്ള ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ കാര്യമാക്കുന്നില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ബി.ജെ.പിയെ അകറ്റിനിർത്തുക മാത്രമാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കോണ്‍ഗ്രസും ജനതാദളും കർണാടകയിൽ വീണ്ടും ഒന്നിക്കുന്നുവെന്ന സൂചന നൽകി മുതിർന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ മാസം ഒൻപതിനുശേഷം ഞങ്ങളിൽ നിന്ന് ശുഭവാർത്തയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന സംരക്ഷിക്കാൻ എല്ലാ സഖ്യകക്ഷികളുമായി ചർച്ച നടത്താൻ കോണ്‍ഗ്രസ് തയാറാണെന്നും ഖാർഗെ വ്യക്തമാക്കി. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ജനതാദളുമായി ഒരിക്കൽക്കൂടി ഒന്നിച്ചുനിൽക്കാൻ സാധ്യതയുണ്ടെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വരയും പറഞ്ഞു. ഇക്കാര്യം പരിശോധിക്കുന്നതും തീരുമാനിക്കുന്നതും ഹൈക്കമാൻഡാണ്. ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു കൂടുതൽ സീറ്റ് ലഭിച്ചാൽ യെദിയൂരപ്പ സർക്കാർ നിലംപതിക്കുമെന്നും പരമേശ്വര പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കർണാടകയിൽ ഭരണമാറ്റമുണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ജെഡി−എസ് നേതാക്കളായ എച്ച്.ഡി. ദേവഗൗഡയും എച്ച്.ഡി. കുമാരസ്വാമിയും നേരത്തെ സൂചന നൽകിയിരുന്നു. 15 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റുകളിൽ 12 ഇടത്ത് കോണ്‍ഗ്രസും മൂന്നിടത്ത് ജെഡി−എസുമായിരുന്നു കഴിഞ്ഞതവണ വിജയിച്ചത്. ആറു സീറ്റിലെങ്കിലും ബിജെപി വിജയിച്ചില്ലെങ്കിൽ പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെടും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed