എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു


മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. നാളെ വൈകിട്ട് അഞ്ചു മണിക്കകം ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് അജിത് പവാറിന്റെ രാജി വിവരം പുറത്തുവരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസും മുഖ്യമന്ത്രി സ്ഥാനം രാജി വച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വൈകിട്ട് 3.30 ന് ഫഡ്‌നാവിസ് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസിനെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. അജിത് പവാര്‍ അടക്കം മൂന്ന് എംഎല്‍എമാരാണ് എന്‍സിപിയില്‍നിന്ന് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നില്ല. നിലവില്‍ 165 പേരുടെ പിന്തുണയുണ്ടെന്നാണ് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.
ബിജെപി കൂടുതൽ സ്വതന്ത്രരെയും ചെറുപാർട്ടി നേതാക്കളെയും സമീപിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാത്രി ശിവസേന-എൻസിപി-കോൺഗ്രസ്–പാർട്ടികളുടെ 162 എംഎൽഎമാർ ഒരുമിച്ച് ഹയാത്ത് ഹോട്ടലിൽ അണി നിരന്നിരുന്നു. വിശ്വാസ വോട്ടെടുപ്പു വേളയിൽ എന്‍.സി.പി അംഗങ്ങള്‍ വിട്ട് നിന്നാല്‍ സഭയുടെ അംഗബലം കുറയും. വൈകിട്ട് അഞ്ചിനു മുന്‍പ് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
കുതിരക്കച്ചവടം തടയാന്‍ എത്രയും വേഗം വിശ്വാസവോട്ട് ആവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. രഹസ്യ ബാലറ്റ് ഉപയോഗിക്കരുത്. ഓപ്പണ്‍ ബാലറ്റ് വേണം. നടപടിക്രമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. വിശ്വാസവോട്ട് തേടാന്‍ 14 ദിവസം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി. സ്പീക്കര്‍ തിരഞ്ഞെടുപ്പിനു ശേഷം വിശ്വാസവോട്ടെന്ന ആവശ്യവും തള്ളി. മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറായി ഉടന്‍ നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed