ആധാര്‍ കാര്‍ഡ്: ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഉള്‍പ്പെടെയുള്ളവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇനി രേഖകള്‍ വേണ്ട

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇനി രേഖകള്‍ വേണ്ട. ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, ഫിംഗര്‍ പ്രിന്റ്, ഐറിസ് സ്‌കാന്‍, ജെന്‍ഡര്‍(ലിംഗം), എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താനാണ് രേഖകളുടെ ആവശ്യകതയില്ലാത്തത്. ഇതുസംബന്ധിച്ച് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
പേര്, വിലാസം, ജനനത്തിയതി എന്നിവ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ യുഐഡിഎഐ അറിയിച്ചിരുന്നു. നിലവിലെ അറിയിപ്പ് അനുസരിച്ച് മേല്‍പ്പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആധാര്‍ സെന്ററില്‍ നേരിട്ടെത്തിയാല്‍ മാത്രം. ജനനത്തിയതിയും ലിംഗവും ഒരു തവണ മാത്രം തിരുത്താനാണ് അവസരം. പേര് രണ്ടു തവണ തിരുത്താന്‍ അവസരമുണ്ട്. വിലാസം മാത്രം മാറ്റുന്നതിനാണ് ഓണ്‍ലൈന്‍ വഴി സാധ്യമാകുക. ഓണ്‍ലൈനില്‍ വിലാസം മാറ്റുന്നതിന് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകണം. മൊബൈലിലാണ് ഒടിപി ലഭിക്കുക.