തീവ്രവാദ ഭീഷണി; അമിത് ഷായുടെ ഔദ്യോഗിക വസതിയിൽ ഉന്നതതല യോഗം ചേർന്നു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക വസതിയിൽ ഉന്നതതലയോഗം ചേർന്നു. ഷായ്ക്കു പുറമേ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി എ.കെ.ഭല്ല തുടങ്ങിയവരും ഉന്നത ഇന്‍റലിജന്‍റ്സ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ തീവ്രവാദ ആക്രമണം നടത്തുമെന്ന ഭീഷണി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് യോഗമെന്നാണ് വിവരം. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും ക്ഷേത്രങ്ങളും തകർക്കുമെന്ന് ജെയ്ഷെ മുഹമ്മദിന്‍റേ പേരിൽ റോഹ്ത്തക് പോലീസിന് കഴിഞ്ഞ ദിവസം കത്ത് ലഭിച്ചിരുന്നു. തമിഴ്നാട്, രാജസ്ഥാൻ, ഗജുറാത്ത്, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങൾ തകർക്കുമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ഒക്ടോബർ എട്ടിന് മുൻപായി ബോംബ് സ്ഫോടനങ്ങൾ നടത്തുമെന്നാണ് ഭീഷണി.