ദേഹാസ്വാസ്ഥ്യം: ദേശീയഗാനത്തിനിടെ ഗഡ്കരി കസേരയിലിരുന്നു


സോലാപുർ: സോളാപ്പൂരിൽ പൊതു പരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മന്ത്രി മുഖ്യാതിഥിയായ ചടങ്ങിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ തലചുറ്റൽ അനുഭവപ്പെട്ട ഗഡ്കരി കസേരയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വൈകിട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
തൊണ്ട വേദനയേത്തുടർന്ന് ഡോസ് കൂടിയ ആന്റിബയോട്ടിക് കഴിച്ചതിനേതുടർന്നാണ് തലചുറ്റൽ ഉണ്ടായതെന്ന് അദ്ദേഹത്തിന്റെ സഹായി വ്യക്തമാക്കി. പുണ്യശ്ലോക് അഹല്യദേവി ഹോൽകർ സോളാപുർ യൂണിവേഴ്സിറ്റിയിലെ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് സംഭവം. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രി തൊട്ടു പിന്നിൽ നിന്ന അംഗരക്ഷകരുടെ സഹായത്തോടെ കസേരയിൽ ഇരുന്നു.
തുടർന്ന് സോളാപ്പൂരിലെ ആശുപത്രിയിലെ ഡോക്ടറെത്തി പ്രാഥമിക പരിശോധന നടത്തി. മന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും സാധാരണ നിലയിലാണെന്നും മന്ത്രിയുടെ സഹായി പറഞ്ഞു.
ഇതിനു മുമ്പും രക്തത്തിൽ പഞ്ചസാരയുടെ അളവിൽ വ്യതിയാനമുണ്ടായതിനേത്തുടർന്ന് ഗഡ്കരിക്ക് പൊതുപരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനിലയേക്കുറിച്ച് ആശങ്ക പടരാൻ ഇടയാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed