ഹെല്‍മെറ്റ് ധരിക്കാത്തതിന് ഫൈനടിപ്പിച്ച പോലീസിനോട് പ്രതികാരം ചെയ്ത് വൈദ്യുതി വകുപ്പു ജീവനക്കാരൻ


ലഖ്നൗ: ഹെൽമറ്റ് ധരിക്കാത്തതിന് ഫൈനടിച്ച പോലീസിനോട് പ്രതികാരം ചെയ്ത് വൈദ്യുതി വകുപ്പു ജീവനക്കാരൻ. കാലങ്ങളായി വൈദ്യുതി ബിൽ അടയ്ക്കാറില്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് പോലീസ് സ്റ്റേഷനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഉത്തർ പ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ലായിൻപർ പോലീസ് സ്റ്റേഷനിലെ വൈദ്യുതിബന്ധമാണ് വിച്ഛേദിക്കപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശ്രീനിവാസ് എന്നാണ് വൈദ്യുതിവകുപ്പ് ജീവനക്കാരന്റെ പേര്.

സംഭവത്തെ കുറിച്ച് ശ്രീനിവാസിന്റെ ഭാഷ്യം ഇങ്ങനെ. ബഡി ചപേടിയിലെ തകരാറുകൾ പരിഹരിച്ചതിനു ശേഷം മോട്ടോർ സൈക്കിളിൽ ലേബർ കോളനിയിലെ പവർ സ്റ്റേഷനിലേക്കു മടങ്ങുകയായിരുന്നു താൻ. അപ്പോൾ സബ് ഇൻസ്പെക്ടർ രമേഷ് ചന്ദ്ര തന്നെ തടഞ്ഞുനിർത്തുകയും ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപ ഫൈനടിക്കുകയും ചെയ്തു. ജൂനിയർ എ‍ഞ്ചീനീയറെ കൊണ്ട് ഫോണിൽ സംസാരിപ്പിച്ചെങ്കിലും എസ് ഐ വഴങ്ങിയില്ല. മറ്റു പോലീസുകാരോടൊപ്പം ചേർന്ന് ഗതാഗത നിയമം ലംഘിക്കുന്നതിന്റെ പ്രത്യാഘാതത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു എസ് ഐ ചെയ്തതെന്നും ശ്രീനിവാസ് പറഞ്ഞു. തുടർന്ന് വൈദ്യുതി ബിൽ കൃത്യമായി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട നിയമങ്ങളും പിഴയെയും കുറിച്ച് ശ്രീനിവാസും പോലീസുകാരോടും പറഞ്ഞു. 6.62 ലക്ഷം രൂപയുടെ ബില്ലാണ് ലായിൻപുർ സ്റ്റേഷൻ അടയ്ക്കാനുണ്ടായിരുന്നത്. ഇതേ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു- ശ്രീനിവാസ് കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച വൈകിട്ട് നാലര മുതൽ നാലുമണിക്കൂറാണ് പോലീസ് സ്റ്റേഷൻ വൈദ്യുതി ഇല്ലാതെ പ്രവർത്തിക്കേണ്ടി വന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed