ഗവർണറുടെ നിര്‍ദ്ദേശം തള്ളി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: ഉച്ചയ്ക്കു വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിര്‍ദേശം തള്ളി കര്‍ണാടക സര്‍ക്കാര്‍. വിശ്വാസപ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് പറ്റില്ലെന്ന് സർക്കാർ അറിയിച്ചു. വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. രാഷ്്ട്രീയപ്രതിസന്ധി സങ്കീർണമായ കർണാടകയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപു വിശ്വാസവോട്ട് േതടണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്‍. വ്യാഴാഴ്ച വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തെങ്കിലും സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല.
ഇതേതുടര്‍ന്ന് സഭയ്ക്കുളളില്‍ ബി.ജെ.പി ധര്‍ണ തുടരുകയാണ്. ഇന്നു പതിനൊന്നുമണിക്ക് സഭ ചേരും. അതേസമയം, കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിന്‍റെ മൊഴിയെടുക്കാന്‍ ഇന്ന് ബെംഗളൂരു പൊലീസ് മുംബൈയിലെത്തും. ശ്രീമന്ത് പാട്ടീലിനെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന കോണ്‍ഗ്രസിന്‍റെ പരാതിയിലാണ് അന്വേഷണം. വിമത എം.എൽ.എമാരുടെ വിപ്പ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കുന്നുണ്ട്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ 15 വിമത എം.എൽ.എമാരെ നിർബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് ലംഘിക്കുന്നതിനുള്ള അനുമതിയാണോയെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നിയമസഭ കക്ഷി നേതാവായ സിദ്ധരാമയ്യ സുപ്രീംകോടതിയോട് ആവശ്യപ്പെടും.

