ജെ.പി നദ്ദ വർക്കിംഗ് പ്രസിഡണ്ട്:അമിത് ഷാ ബി.ജെ.പി അധ്യക്ഷനായി തുടരും
ന്യുഡൽഹി: മുതിർന്ന നേതാവ് ജെ.പി നദ്ദയെ പാർട്ടി വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രിയായതോടെ അമിത് ഷാ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ അമിത് ഷാ ബി.ജെ.പി അധ്യക്ഷനായി തുടരും. ജഗത് പ്രകാശ് നദ്ദ എന്ന ജെ.പി നദ്ദ മുൻകേന്ദ്ര ആരോഗ്യ മന്ത്രിയും ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവുമാണ്. പാർട്ടിയുടെ ദൈനംദിന കാര്യങ്ങളും സംഘടനാ കാര്യങ്ങളും ഇനി നദ്ദയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് തീരുമാനം പ്രഖ്യാപിച്ചത്. അമിത് ഷായുടെ നേതൃത്വത്തിൽ പാർട്ടി നിരവധി തെരഞ്ഞെടുപ്പുകൾ വിജയിച്ചിട്ടുണ്ട്. എന്നാൽ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതോടെ പാർട്ടി അധ്യക്ഷ സ്ഥാനം മറ്റാർക്കെങ്കിലും നൽകണമെന്ന് അമിത് ഷാ തന്നെ നിർദ്ദേശിക്കുകയായിരുന്നെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു.
എ.ബി.വി.പിയിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങിയ നേതാവാണ് ജെ.പി നദ്ദ. ഹിമാചൽ പ്രദേശ് മന്ത്രിസഭയിൽ അംഗമായിരുന്നിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അന്നത്തെ പാർട്ടി അധ്യക്ഷൻ രാജ്‌നാഥ് സിംഗ് മന്ത്രിയായതോടെ ജെ.പി നദ്ദയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി മോഡിയുടെ പിന്തുണ അമിത് ഷായ്ക്കായിരുന്നു.

