വ്യാജമദ്യ ദുരന്തം: യുപിയിലും ഉത്തരാഖണ്ധിലും 38 പേർ മരിച്ചു

ലഖ്‌നൗ: രണ്ട് സംസ്ഥാനങ്ങളിലായി വ്യാജമദ്യദുരന്തം. ഉത്തർപ്രദേശിലും ഉത്തരാഖണ്ധിലും ഇതുവരെ വ്യാജമദ്യം കഴിച്ച് 38 പേർ മരിച്ചു. ഉത്തർപ്രദേശിലെ സഹരന്‍പുറിൽ 16 പേരും സമീപജില്ലയായ, ഉത്തരാഖണ്ധിലെ ഹരിദ്വാറിൽ 12 പേരും മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. നിരവധിയാളുകൾ ചികിത്സയിലാണ്. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
സഹരാന്‍പുറിലെ ഉമാഹി ഗ്രാമത്തിൽ അഞ്ച്പേർ മരിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശർബത്പുർ ഗ്രാമത്തിൽ മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. സമീപപ്രപദേശങ്ങളിലും ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ മേഖലയിൽ പതിനാറോളം പേർക്ക് ജീവന്‍ നഷ്ടമായെന്നാണ് സൂചന.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവർക്ക് അന്പതിനായിരം രൂപയുടെ സഹായധനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടത്തോട് വിശദമായ റിപ്പോർട്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസം മുന്പ് കുഷിനഗറിൽ പത്ത് പേർ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. തുടർന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ ഉൾപ്പെടെ ഒന്പത് ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം സസ്‌പെൻഡ് ചെയ്തിരുന്നു.