കൂട്ടസ്ഥലം മാറ്റം: പ്രതിഷേധ കൺവെൻഷനുമായി സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ

കോട്ടയം: പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നാളെ കോട്ടയത്ത് കൺവെൻഷൻ സംഘടിപ്പിക്കുന്നു. സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് പരിപാടി. കന്യാസ്ത്രീകൾക്കെതിരായ പ്രതികാര നടപടികൾ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ.
പരാതി നൽകിയ കന്യാസ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമ, ജോസഫൈന്‍, ആല്‍ഫി, നീന റോസ് എന്നിവരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ട് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനു വഴങ്ങാതെ മഠത്തിൽ തുടർന്ന കന്യാസ്ത്രീകൾക്ക് വീണ്ടും താക്കീതുകൾ ലഭിച്ചതോടെയാണ് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ തന്നെ സംരക്ഷിക്കാൻ രൂപത തയ്യാറാകണം.
ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം തിരുനക്കരയിലെ പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശ്‌നത്തില്‍ ജനപിന്തുണയ്ക്കായി വിവിധ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ രണ്ടാം ഘട്ട സമര പരിപാടികളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.