രാജ്യത്ത് 45 വർഷത്തിനുള്ളിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ: പൂഴ്ത്തിവെച്ച റിപ്പോർ‍ട്ട് പുറത്ത്


ന്യൂഡൽഹി:  45 വർഷത്തിനുള്ളിലെ ഏറ്റവും  ഉയർന്ന  തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ട്. ദേശീയ സാന്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) 2017−-18 വർഷത്തെ തൊഴിൽ റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 6.1 ശതമാനമാണ് 2017-−18 വർഷത്തെ തൊഴിലില്ലായ്മ നിരക്ക്.   ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ഡിസംബറിൽ ഈ റിപ്പോർട്ട് സമർച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങൾ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. 2016−ൽ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ തൊഴിൽ റിപ്പോർട്ടാണിതെന്ന് പ്രത്യേകതയും ഉണ്ട്. ഇടക്കാല ബജറ്റിന് തൊട്ടുമുന്പായി റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത് മൂർച്ചയേറിയ ആയുധം കൂടിയാണിത്.  

ഇതിന് മുന്പ് 1972-−73 കാലഘട്ടത്തിലാണ് തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാൾ ഉയർന്ന നിലയിലെത്തിയിട്ടുള്ളതെന്നും റിപ്പോർട്ട് പറയുന്നു. 2011−12 വർഷത്തിൽ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.   രാജ്യത്തെ ഗ്രാമീണ മേഖലയിലെ (5.3%) തൊഴിലില്ലായ്മയെ അപേക്ഷിച്ച് നഗര പ്രദേശങ്ങളിലാണ് (7.8%) തൊഴിലില്ലായ്മ ഉയർന്നിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മുന് വർഷങ്ങളെ അപേക്ഷിച്ച് യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ റെക്കോർഡിലെത്തി ഏറ്റവും ഭീതിതമായ അവസ്ഥയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പറയുന്നു. 13 മുതൽ 27 ശതമാനം വരെയാണ് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ പ്രാതിനിധ്യം വളെര കുറവാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.  ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത്തരത്തിൽ റിപ്പോർട്ട് വന്നത് ഭരണപക്ഷത്തെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed