റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു


ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കുപിന്നിൽ എന്നാണു പ്രഖ്യാപനം. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2019 സെപ്റ്റംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണു രാജി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഊർജിത് പട്ടേലുമായി നേരിട്ടു ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. നോട്ട് നിരോധനം, റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് ഉര്‍ജിത് പട്ടേലിന് എതിര്‍പ്പുണ്ടായിരുന്നു. സംഘപരിവാര്‍ സംഘടനകളില്‍നിന്ന് ഉള്‍പ്പെടെ കടുത്ത എതിര്‍പ്പാണ് ഉര്‍ജിത് പട്ടേലിനു നേരിടേണ്ടിവന്നിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കു വഴങ്ങാന്‍ കഴിയില്ലെങ്കില്‍ രാജിവയ്ക്കുകയാണ് നല്ലതെന്നായിരുന്നു സംഘപരിവാര്‍ നിലപാട്.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനത്തിന്റെ മൂന്നിലൊന്ന് (9.6 ലക്ഷം കോടി) രൂപ വികസനാവശ്യങ്ങള്‍ക്കു വിട്ടുകിട്ടണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇത് ആപത്താണെന്ന് റിസർവ് ബാങ്കും നിലപാടെടുത്തു. രഘുറാം രാജന്റെ ഒഴിവില്‍ 2016 സെപ്റ്റംബറിലാണ്, ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്.

റിസര്‍വ് ബാങ്കിന്റെ നാലു ഡപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായിരുന്ന ഉര്‍ജിത് പട്ടേല്‍ 2013 മുതല്‍ മോണിറ്ററി പോളിസിയുടെ ചുമതലയാണു വഹിച്ചിരുന്നത്. നാണയപ്പെരുപ്പത്തോതു നിശ്ചയിക്കാനുള്ള അടിസ്ഥാന ഘടകം മൊത്തവില സൂചികയില്‍നിന്നു മാറ്റി ഉപഭോക്തൃവില സൂചികയായി നിശ്ചയിച്ചത് ഉര്‍ജിത് പട്ടേലായിരുന്നു. 1991ല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടങ്ങിയ ശേഷമുള്ള സുപ്രധാനമായ മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.

2013 മുതല്‍ റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണറാണ് ഉര്‍ജിത് പട്ടേല്‍. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍, നാഷനല്‍ ഹൗസിങ് ബാങ്ക് ഡയറക്ടറും ഓഡിറ്റ് കമ്മിറ്റി ചെയര്‍മാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ എന്നീ പദവികളും ഉര്‍ജിത് പട്ടേല്‍ വഹിക്കുന്നുണ്ട്. ബോസ്റ്റണ്‍ കണ്‍സല്‍റ്റിങ് ഗ്രൂപ്പിന്റെ ഫെലോയുമാണ്. രഘുറാം രാജന്റെ സാമ്പത്തിക നയങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കിയിരുന്ന ഡപ്യൂട്ടി ഗവര്‍ണറാണ് ഉര്‍ജിത് പട്ടേല്‍.

 

You might also like

  • Straight Forward

Most Viewed