സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

ന്യുഡൽഹി : പ്രായപൂർത്തിയായ രണ്ട് പേർ ഉഭയ സമ്മതത്തോടെ സ്വവർഗരതിയിൽ ഏർപ്പെടുന്നത് കുറ്റകരമല്ലാതാക്കുമെന്ന സൂചന നൽകി സുപ്രീംകോടതി. ഐ.പി.സി സെക്ഷൻ 377ന്റെ നിയമ സാധുത സംബന്ധിച്ച കേസിൽ വാദം തുടരവേയാണ് ഭരണഘടനാബെഞ്ചിന്റെ പരാമർശം.
അതേസമയം സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന 377ാം വകുപ്പ് തുടരണോ വേണ്ടയോ എന്നതിൽ കേന്ദ്രസർക്കാർ മലക്കം മറിഞ്ഞു. വ്യക്തമായ നിലപാട് അറിയിക്കാതെ കേന്ദ്രസർക്കാർ തീരുമാനം സുപ്രീംകോടതിക്ക് വിട്ടു. സ്വവർഗരതി നിയമ വിധേയമാക്കിയാൽ അതിനെ എതിർക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ ആദ്യം അറിയിച്ചിരുന്നത്.
സ്വവർഗരതി കേസിലെ വിധി എന്താകുമെന്ന സൂചനകൾ നൽകുന്ന പരാമർശമാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് നടത്തിയത്. സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 വകുപ്പ് ഭരണഘടനയുടെ 15 -അനുച്ഛേദത്തിന്റെ ലം
ഘനമാണെന്ന് കോടതി പറഞ്ഞു.
ലിംഗഭേദഗമില്ലാതെ ഒരാൾക്ക് പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. അതുകൊണ്ട് ഉഭയസമ്മതത്തോടെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമെന്ന് പറയാനാകില്ല. ഈ രീതിയിൽ സ്വവർഗരതി കേസിൽ ഉത്തരവിറക്കുമെന്ന പരാമർശവും ഭരണഘടന ബെഞ്ച് നടത്തി.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നർത്തകനായ നവ്തേജ് സിംഗ് ജോഹാർ ആണ് കോടതിയെ സമീപിച്ചത്.