കാശ്മീരിലെ വെടിനിർത്തൽ പിൻവലിച്ചു : ഭീകരർക്കെതിരെ ഏത് മാർഗ്ഗവും തേടാമെന്ന് കേന്ദ്രം

ന്യൂഡൽഹി : റമദാനോടനുബന്ധിച്ച് ജമ്മു-കാശ്മീരിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കേന്ദ്രസർക്കാർ പിൻവലിച്ചു. നോന്പുകാലം അവസാനിച്ചതിനെ തുടർന്നാണ് നടപടി. വെടിനിർത്തൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വെടിനിർത്തൽ സമയത്ത് പലതവണ സൈനികർക്ക് നേരെ പ്രകോപനമുണ്ടായെന്നും രാജ്നാഥ് അറിയിച്ചു. വെടിനിർത്തൽ പിൻവലിച്ച സാഹചര്യത്തിൽ ഭീകരരെ തടയാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും പ്രയോഗിക്കാൻ സുരക്ഷാസേനയ്ക്ക് അധികാരം നൽകുകയാണെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
കാശ്മീരിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് യോഗ തീരുമാനം രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്. അതേസമയം വെടിനിർത്തലിന്റെ ഗുണഭോക്താക്കൾ ഭീകരസംഘടനകളാണെന്ന വിലയിരുത്തലാണ് ബി.ജെ.പിയുടെ കാശ്മീർ ഘടകത്തിന്.