വരാപ്പുഴ കസ്റ്റഡി മരണം : എസ്.പി ജോർജ് പ്രതിയാകില്ല, വകുപ്പുതല നടപടി മാത്രം

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുൻ റൂറൽ എസ്.പി എ.വി ജോർജിനെ പ്രതിയാക്കില്ല. ജോർജിനെ പ്രതിയാക്കാനുള്ള തെളിവില്ലെന്ന് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) നിയമോപദേശം നൽകി. അതേസമയം, ജോർജിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും ഡി.ജി.പി നിയമോപദേശത്തിൽ വ്യക്തമാക്കി.
എ.വി ജോർജിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) അംഗങ്ങളാണ് വരാപ്പുഴ ദേവസ്വം പാടത്തെ വീട്ടിൽനിന്ന് രാത്രി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ഇവർ ക്രൂരമായി മർദ്ദിച്ച ശേഷമാണ് വീട്ടിൽ നിന്നും ശ്രീജിത്തിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ദേവസ്വംപാടത്ത് എത്തിയതെന്ന് ആർ.ടി.എഫ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. ആർ.ടി.എഫ് രൂപവൽക്കരിച്ചത് എ.വി ജോർജ് ആയിരുന്നു. ആർ.ടി.എഫിന്റെ രൂപവൽക്കരണം നിയമവിരുദ്ധമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തികയും ചെയ്തിരുന്നു. നിലവിൽ ജോർജ് സസ്പെൻഷനിലാണ്.