കേജരിവാളിന്റെ സമരം : പിണറായി അടക്കം നാല് മുഖ്യമന്ത്രിമാർ മോദിയെ കണ്ടു

ന്യൂഡൽഹി : ഐ.എ.എസ്സുകാരുടെ സമരം തീർക്കാനായി ലെഫ്. ഗവർണർ ഓഫീസിന് മുന്നിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പ് സമരം ഏഴാം ദിവസത്തിലേയ്ക്ക് കടന്നതോടെ പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നാല് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ കണ്ടു.
പിണറായിക്ക് പുറമെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരാണ് പ്രധാനമന്ത്രിയെ കണ്ടത്. നീതി ആയോഗ് യോഗത്തിനിടെ ആയിരുന്നു ഇവരുടെ കൂടിക്കാഴ്ച.
സമരം അവസാനിപ്പിക്കാൻ മോദി ഇടപെടണമെന്ന് നാല് പേരും ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി മമത ബാനർജി പറഞ്ഞു. ഇന്നലെ നാല് പേരും കേജരിവാളിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.
അതേസമയം, കേജരിവാളിനെ കാണാൻ ലെഫ്. ഗവർണർ അനിൽ ബൈജാൽ അനുമതി നൽകിയില്ല. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തിലൂടെ ഡൽഹിയിൽ രാഷ്ട്രപതി ഭരണമാണ് നടക്കുന്നതെന്ന് കേജരിവാൾ ആരോപിച്ചു. സമരം തീർക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കേജരിവാൾ കത്ത് നൽകിയിട്ടുണ്ട്. അനിൽ ബൈജാലിന്റെ വസതിയിലെ സ്വീകരണ മുറിയിലാണ് കേജരിവാളിനൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ, വികസനകാര്യ മന്ത്രി ഗോപാൽ റായി എന്നിവർ കുത്തിയിരിപ്പ് സമരം നടത്തുന്നത്. സിസോദിയയും സത്യേന്ദ്രജയിനും നിരഹാരസമരത്തിലുമാണ്.