ഇന്ത്യയും ഫ്രാൻസും 14 കരാറുകളിൽ ഒപ്പുവെച്ചു

ന്യൂഡൽഹി : സുരക്ഷ, ആണവോർജ്ജം അടക്കമുള്ള മേഖലകളിൽ സഹകരണത്തിനായുള്ള 14 കരാറുകൾ ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പുവെച്ചു. ഇന്ത്യയിലെത്തിയ ഫ്രാൻസ് പ്രധാനമന്ത്രി ഇമ്മാനുവേൽ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാം നാഥ് കോവിന്ദ് എന്നിവർ ചേർന്നു രാഷ്ട്രപതിഭവനിൽ മക്രോണിനും ഭാര്യ മേരി ക്ലോഡ് മക്രോണിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനുശേഷമായിരുന്നു ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഉഭയകക്ഷി ചർച്ച നടന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും മാധ്യമങ്ങൾക്കു മുന്നിൽ സംയുക്ത പ്രസ്താവന നടത്തി.
ഇന്ത്യ ഫ്രാൻസിെൻ്റ തന്ത്രപ്രധാന പങ്കാളിയാണെന്ന് സംയുക്ത പ്രസ്താവനയിൽ മക്രോൺ പറഞ്ഞു. പ്രതിരോധ രംഗത്തെ ഇരു രാജ്യങ്ങളുടെയും സഹകരണത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടേറെ പ്രത്യേകതകളുണ്ടെന്നും ഭീകരവാദവും തീവ്രവാദവും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ഇന്ത്യയും ഫ്രാൻസും ഒരുമിച്ചു പോരാടുമെന്നും ഫ്രഞ്ച് പ്രസിഡണ്ട് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും കരുത്തരായ രണ്ട് രാജ്യങ്ങളാണ് ഫ്രാൻസും ഇന്ത്യയുമെന്ന് മോദി പറഞ്ഞു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയല്ല. സമാനചിന്താഗതിക്കാരായ രണ്ട് സംസ്കാരങ്ങളാണ് ഇന്ത്യയിൽ ഒന്നിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ പരസ്പരം കൂടുതൽ മനസിലാക്കണം. പ്രതിരോധ രംഗത്ത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് നിക്ഷേപം നടത്തുന്നതിന് ഫ്രാൻസിലെ കന്പനികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണു മക്രോൺ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണു സന്ദർശനം.