പി.എൻ.ബി തട്ടിപ്പിൽ കുടുങ്ങി കെ.എസ്.ആർ.ടി.സിയും : വായ്പ അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം : ബാങ്കുകളുടെ കൺസോർഷ്യത്തിലെ അംഗമായ പഞ്ചാബ് നാഷണൽ ബാങ്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പിൽ കുടുങ്ങിയതോടെ കെ.എസ്.ആർ.ടി.സിക്ക് ദീർഘകാല വായ്പ നൽകുന്ന പദ്ധതി അനിശ്ചിതത്വത്തിലായതായി സൂചന. ദീർഘകാല വായ്പ അടിസ്ഥാനത്തിൽ 3,000 കോടി രൂപ വായ്പയെടുക്കാനായിരുന്നു കെ.എസ്.ആർ.ടി.സിയുടെ നീക്കം. ഇതിൽ 750 കോടി രൂപ പി.എൻ.ബിയിൽ നിന്നുമാണ്. എന്നാൽ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ പി.എൻ.ബി വായ്പാ നടപടിയുമായി മുന്നോട്ടുപോകുന്നില്ലെന്നാണ് സൂചന.
കടക്കെണിയിൽ നിന്ന് കരകയാറാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാങ്ക് കൺസോഷ്യത്തിന്റെ വായ്പയെ കെ.എസ്.ആർ.ടി.സി കാണുന്നത്. മാർച്ച് ആദ്യവാരത്തോടെ വായ്പാ തുക കിട്ടുമെന്ന പ്രതീക്ഷക്കാണ് പി.എൻ.ബി തട്ടിപ്പ് തിരിച്ചടിയായത്. അതേസമയം ഇക്കാര്യത്തിൽ യാതൊരു പ്രതിസന്ധിയും നിലനിൽക്കുന്നില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിശദീകരണം. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ അടുത്ത ആഴ്ച ബാങ്കുമായി ചർച്ച നടത്തുമെന്നും വിവരങ്ങളുണ്ട്.