നഷ്ടം ശിവസേനയ്ക്ക് മാത്രമായിരിക്കുമെന്ന് ബി.ജെ.പി
മുംബൈ : എൻ.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം മൂലം നഷ്ടം സംഭവിക്കുന്നത് ശിവസേനയ്ക്ക് മാത്രമായിരിക്കുമെന്ന് ബി.ജെ.പി. ശിവസേനയുമായി ബന്ധം തുടരുന്നതിൽ ബി.ജെ.പിക്ക് എന്നും താൽപ്പര്യമാണെന്നും, എന്നാൽ ശിവസേനയ്ക്ക് അതേ താൽപ്പര്യമില്ലാത്ത സ്ഥിതിക്ക് പിരിയാൻ ബി.ജെ.പിയും തയ്യാറാണെന്ന് മുംബൈയിലെ ബി.ജെ.പി നേതാവ് ആശിഷ് ഷേലാർ പ്രതികരിച്ചു.
എൻ.ഡി.എയുമായുള്ള ബന്ധം അവസാനിപ്പിച്ച് 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. മുംബൈയിൽ നടന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിലാണ് തീരുമാനം. അടുത്ത വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശിവസേന വ്യക്തമാക്കി.
കൂടാതെ, പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ ദേശീയ എക്സിക്യൂട്ടീവ് അംഗമാക്കാനും തീരുമാനിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആണ് ഒറ്റയ്ക്ക് മത്സരിക്കാമെന്ന പ്രമേയം ദേശീയ നിർവ്വാഹ സമിതിയിൽ കൊണ്ടുവന്നത്. ഏകകൺഠമായി പ്രമേയം പാസായി. മഹാരാഷ്ട്രയിൽനിന്നുള്ള 48 ലോക്സഭാ സീറ്റുകളിൽ 25 എണ്ണത്തിലെങ്കിലും വിജയം ഉറപ്പാക്കാനാണ് സേനയുടെ നീക്കം. 288 അംഗ നിയമസഭയിൽ 150 സീറ്റുകളെങ്കിലും നേടിയെടുക്കണമെന്നും തീരുമാനമായി.

