25 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാന്പത്തിക ശക്തിയാകും : ജെയ്റ്റ്ലി
ന്യൂഡൽഹി : ലോകത്തെ മൂന്നാമത്തെ വൻ സാന്പത്തിക ശക്തിയായി അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ മാറുമെന്ന് അരുൺ ജെയ്റ്റ്ലി. സാന്പത്തികമായി തിരിച്ചടിയുണ്ടാവുന്ന സമയത്ത് പോലും അതിനെ വിജയകരമായി നേരിടാനുള്ള കഴിവ് ഇന്ത്യൻ സന്പദ് വ്യവസ്ഥ കൈവരിച്ചിട്ടുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു. ന്യൂഡൽഹിയൽ ആസിയാൻ ഇന്ത്യ ബിസിനസ് ഇൻവെസ്റ്റ്മെന്റ് മീറ്റ് എക്സ്പോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ വളർച്ചയാണ് ഇന്ത്യൻ സന്പദ് വ്യവസ്ഥ നേടിയെടുത്തത്. ആഗോള രാജ്യങ്ങൾ സാന്പത്തികമായി തളരുന്പോൾ ഏഷ്യൻ രാജ്യങ്ങളുടെ വളർച്ച 4.5 മുതൽ അഞ്ച് ശതമാനം വരെയാണ്. മലേഷ്യ, വിയറ്റ്നാം, ഫിലിപ്പൈൻസ്, ഇൻഡോനീഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയിലേയ്ക്ക് നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസന മേഖലയിലടക്കം നിക്ഷേപത്തിനായി വലിയ അവസരം തന്നെയാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.

